നമ്പര്‍ പ്ലേറ്റിലാത്ത വാഹനവുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു ; മലപ്പുറം സ്വദേശികള്‍ പിടിയില്‍ ; ഡാഷ് ബോര്‍ഡിന് മുകളില്‍ വാക്കി ടോക്കി
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. കാറും യാത്രക്കാരും പൊലീസ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോള്‍ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തല്‍മണ്ണ സ്വദേശി ഫൈസല്‍, പാലക്കാട് ആമയൂര്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. വാഹനത്തില്‍ ഡാഷ് ബോര്‍ഡിന് മുകളില്‍ നിന്നും വാക്കി ടോക്കിയും പൊലീസ് കണ്ടെത്തി. അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാറില്‍ സഞ്ചരിച്ചവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ...