നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു
ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. യുപിയിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. ഭഗ്ദവ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്രീസ് (17), അറഫാത്ത് (10), ഇദ്രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി തുടങ്ങിയ നബിദിനാഘോഷ പരിപാടികൾ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി...