ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് ജൂൺ 30 വരെ നീട്ടി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം.
നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും.
കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം നിലവിൽ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്.
കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് ഒൻപത് പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മീഷൻ അനുമതി നൽകിയിരുന്നു.
...