മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു
നാഗർകോവിൽ : തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക മോളാണ് (4) മരിച്ചത്.കൂലിത്തൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോൾ ഭയന്ന് സുഷ്‌വികയും സഹോദരൻമാരായ സുഷ്‌വിൻ ഷിജോ (12), സുജിലിൻജോ (9) എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു.അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാർ പൊലീസ് കേസെടുത്തു.
...