സൈജലിനെ മരണം തട്ടിയെടുത്തത് വിരമിക്കലിനുള്ള ഒരുക്കത്തിനിടെ.
പരപ്പനങ്ങാടി : രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം തട്ടിയെടുത്തത്. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പ...