മന്ത്രിക്ക് മുന്നിൽ പരാതിയുമായി ഫരീദ; ഉടനെ പരിഹാര നിർദേശവുമായി മന്ത്രി
ഉടനടി നടപടി; ഫരീദയുടെ വീട് വാസയോഗ്യമാക്കും
പൊന്നാനി: പ്രളയത്തിൽ തകർന്ന വീട് പുനർനിർമിച്ച് നൽകണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാർഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തിൽ ഉടനടി പരിഹാരം കാണാൻ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി.
2017ലാണ് ഫിഷറീസ് വകുപ്പ് നൽകിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമിച്ചത്. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ വീട് വെള്ളത്തിൽ മുങ്ങുകയും രണ്ടായി പിളർന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തിൽ വീട് പുനർ നിർമിച്ച് നൽകണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നൽകണമെന്ന് നിർദേശിക്കുകയായിരുന്നു.
...