ഓണപ്പരീക്ഷ 16 മുതൽ; 25ന് സ്‌കൂൾ അടയ്‌ക്കും, സെപ്‌തംബർ നാലിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16 മുതൽ 24 വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന് ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങും. 19ന് പ്രധാന പിഎസ്‌സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ് തലത്തിലാണ് പരീക്ഷ സംഘടിപ്പിക്കുക. 25ന് ഓണാഘോഷത്തിനുശേഷം സ്‌കൂൾ അടയ്‌ക്കും. അവധിക്കുശേഷം സെപ്‌തംബർ നാലിന് സ്‌കൂൾ തുറക്കും.1 മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. പ്ലസ് ടു പരീക്ഷ പേപ്പർ അതത് സ്കൂളുകൾ തയ്യാറാക്കേണ്ടി വരും.
...