അദാലത്തിൽ വിനോദിനിയമ്മക്ക് ആശ്വാസം; ഇനി പെൻഷൻ മുടങ്ങില്ല
മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനിവിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ പെൻഷൻ മുടങ്ങിയതും 85 കാരിയായ വിനോദിനിയമ്മയെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നും നൽകിയപ്പോൾ വന്ന പിഴവാണ് മാസങ്ങളായി പെൻഷൻ മുടങ്ങാൻ കാരണമായത്. പലതവണ ഇതുമായി ബന്ധപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങിയിട്ടും പോംവഴിയില്ലാതായതോടെയാണ് തിരൂരിലെ താലൂക്ക് പരിഹാര അദാലത്തിൽ എത്തുന്നത്. ഇതോടെ വിഷയത്തിൽ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് വരുമാന സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ വില്ലേജ് ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. ഇതോടെ വിനോദിനിയമ്മയുടെ ഏറെ നാളത്തെ പ്രശ്‌നത്തിന് പരിഹാരമായി.
...