തിരൂര്‍ : താനൂര്‍ ഒട്ടുമ്പുറം തൂവല്‍ തീരാത്ത് നടന്ന ബോട്ടവകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി. തിരൂര്‍ താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നഷ്ടപരിഹാര തുക കൈമാറിയത്. മരണപ്പെട്ട 15 പേരുടെ ആശ്രിതര്‍ക്കാണ് ആദ്യഘട്ടത്തില്‍ നഷ്ടപരിഹാര തുക കൈമാറിയത്.
ബോട്ടപകടത്തില്‍ ഭാര്യ സീനത്ത്, മക്കളായ ഫിദ ദില്‍ന, ഷഫ്ല, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സൈതലവി 50 ലക്ഷം രൂപയും ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവര്‍ മരിച്ച സൈതലവിയുടെ സഹോദരനായ കുന്നുമ്മല്‍ സിറാജ് 40 ലക്ഷം രൂപയും ഭാര്യ ജല്‍സിയ മകന്‍ ജരീര്‍ എന്നിവരെ നഷ്ടമായ കുന്നുമ്മല്‍ മുഹമ്മദ് ജാബിര്‍ 20 ലക്ഷം രൂപയും മന്ത്രിയില്‍ നിന്ന് തുക ഏറ്റുവാങ്ങി.
അപകടത്തില്‍ മരണപ്പെട്ട താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരന്‍ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭര്‍ത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തില്‍ മരണപ്പെട്ട പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ധീഖ്, മക്കളായ ഫാത്തിമ മിന്‍ഹ, മുഹമ്മദ് ഫൈസാന്‍ എന്നിവര്‍ക്കുള്ള നഷ്ടപരിഹാര തുക സഹോദരി സല്‍മയാണ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.
അതേസമയം മരണപ്പെട്ട ആയിഷാ ബീവിയുടെയും മക്കളുടെയും വിഷയത്തില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇത് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ തുക അനുവദിച്ചിട്ടില്ല. ശേഷിക്കുന്നവയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.
മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് താനൂരില്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു.