താനൂർ: ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. അതേസമയം ഉള്‍വലിവുള്ളത് തെരച്ചിലില്‍ വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കി.
അതേസമയം അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിന് എതിരെയാണ് കേസെടുത്തത്. നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.