താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂര്‍ ബോട്ടപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം, ചികിത്സാ ചെലവ്സര്‍ക്കാര്‍ വഹിക്കും, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം : താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

എംഎല്‍എമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരില്‍ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുന്‍പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തില്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ പരിശോധന നടന്നിരുന്നു. മേലില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ ഇപ്പോള്‍ തന്നെയെടുക്കണം. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്‌കാരചടങ്ങുകള്‍. 22 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. അതില്‍ 8 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2 പേര്‍ ആശുപത്രി വിട്ടു. 5 പേര്‍ നീന്തി രക്ഷപ്പെട്ടു.

error: Content is protected !!