
തിരൂരങ്ങാടി : താനൂര്‍ ഹൗസ് ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ , അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, എ കെ ശശിധരന്‍ എംഎല്‍എമാരായ പികെ കുഞ്ഞാലികുട്ടി, കെപിഎ മജീദ്, കെടിജലീല്‍, പികെ ബഷീര്‍, പിഎംഎ സലാം,അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ഡിജിപി അനില്‍കാന്ത്, അഡിഷണല്‍ ഡിജിപി അജിത് കുമാര്‍, എഡിജിപി ബി സന്ധ്യ, ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എന്നിവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിട്ടുണ്ട്.
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരില്‍ ഒമ്പത് പേര്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടിലെ അംഗങ്ങളാണ്. സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന(12), ഫിദ ദില്‍ന (7) സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. ഇന്നലെ വരെ ചിരിയും കളിയും കുട്ടികളുടെ ആര്‍പ്പുവിളികളും കൊണ്ട് ബഹളമയമായിരുന്ന കുന്നുമ്മല്‍ വീട്, ഇന്ന് കണ്ണീര്‍പ്പുഴയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് പരപ്പനങ്ങാടിയിലെത്തിച്ചത്. സ്ഥലത്ത് പൊതുദര്‍ശനം തുടരുകയാണ്. ഇതിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി. സംസ്‌കാരം നടക്കുന്ന മദ്രസയിലും മുഖ്യമന്ത്രി എത്തി. ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കം നിരവധി നേതാക്കളും ഇവിടെയുണ്ട്. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളളവരുമായി യോഗം ചേര്‍ന്നു.
പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിന് തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.