താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്.
പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു.
സി.പി.എമ്മും ബി.ജെ.പി.യും വിട്ടുനിന്നു
ബസ് സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് സി.പി.എമ്മും ബിജെപി യും വിട്ടുനിന്നു. നഗരസഭാ ഭരണസമിതി കൂടിയാലോചനയില്ലാതെ നടപ്പിലാക്കിയ ഗതാഗതപരിഷ്കരണം കൂടുതൽ പ്രയാസം തീർക്കുമെന്ന് സി.പി.എം. മുനിസിപ്പൽ സെക്രട്ടറി എം. അനിൽകുമാർ പറഞ്ഞു. ഒരേസമയം രണ്ട് ബസുകൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല. മാത്രമല്ല ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ഒരു വഴി മാത്രം എന്നുള്ളതും ഗതാഗതതടസ്സം തീർക്കും. രാവിലെ ഉദ്ഘാടനച്ചടങ്ങ് നടത്തുകയല്ലാതെ ഒരു ബസ് പോലും സ്റ്റാൻഡിൽ കയറിയിട്ടില്ല. ഗതാഗതപരിഷ്കരണം പുനഃപരിശോധിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. അപകടവളവായ നടക്കാവിൽനിന്നാണ് ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഇത് കൂടുതൽ അപകടം സൃഷ്ടിക്കുമെന്ന് ഡ്രൈവർമാർ പറഞ്ഞു. ഗതാഗതപരിഷ്കരണം വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വ്യാപാരികൾ പറഞ്ഞു.
ബസുകളുടെ റൂട്ട് മാറ്റിനിശ്ചയിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൗൺസിലർമാരും ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ബഹിഷ്‌കരിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഗതാഗതപരിഷ്‌കരണം പുനഃപരിശോധിക്കണമെന്നും ബസ്‌സ്റ്റോപ്പ് പുനഃസ്ഥാപിച്ച് പ്രശ്നത്തിനു പരിഹാരംകാണണമെന്നും ബി.ജെ.പി. താനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.