
വെന്നിയൂർ: ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ.
വെന്നിയൂർ ജിഎം യുപി സ്കൂളിൽ പുതുതായി എത്തിയ 3 അധ്യാപികമാരാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ഇഫ്താർ സംഗമത്തിലേക്ക് കുട്ടികൾക്കുള്ള ബിരിയാണി സ്പോൺസർ ചെയ്ത് മാതൃകയാവുകയായിരുന്നു സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മൂന്ന് അധ്യാപികമാർ . പി.ശാക്കിറ, കെ എസ് സൗമ്യ, പി പി ഹാജറ എന്നിവരാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നോട്ടുവന്നത് . സാധാരണ സഹപ്രവർത്തകർക്ക് പാർട്ടി ഒരുക്കുക എന്നതിൽ നിന്ന് വിപരീതമായി വിദ്യാലയത്തിൽ ജോലി ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥികൾക്കാണ് പാർട്ടി നൽകേണ്ടത് എന്ന ഉചിതമായ ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചത് എന്ന് മൂന്ന് പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂളിലെ പ്രധാന അധ്യാപകനും മറ്റു സഹപ്രവർത്തകരും പിന്തുണയേകി. വെന്നിയൂർ സൗഹൃദ കൂട്ടായ്മയും പിടിഎ, എംടി എ, എസ് എം സി ഭാരവാഹികളും ചേർന്ന് മറ്റു വിഭവങ്ങൾ കൂടി ഒരുക്കിയപ്പോൾ ഇഫ്താർ പൂർണ്ണമായി. ഇഫ്താർ വിരുന്നിനോടൊപ്പം ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് കൂടി നടന്നു.
വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരുക്കി എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ അത് സ്നേഹ സംഗമത്തിന്റെ മറ്റൊരു കാഴ്ചയായി. സ്കൂളിലെ അധ്യാപകരും പിടിഎ മെമ്പർമാരും ഇഫ്താർ വിരുന്നിനുള്ള ഒരുക്കങ്ങളിൽ സജീവ പങ്കാളികളായി. സ്കൂൾ വാഹന ഡ്രൈവർമാർ മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യവും പരിപാടിക്ക് മോടി കൂട്ടി.