വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്.

വീഡിയോ

വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആർപിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേങ്ങരയ്ക്കടുത്ത് കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടിൽ താമസിച്ചിരുന്ന പേരാമ്പ്ര കുനിയിൽ ഹൗസിൽ ടി ബൈജു എന്ന അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. സെപ്തംബർ 17 നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ കണ്ണമംഗലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

അധ്യാപികയുടെ കുട്ടി ഉൾപ്പെടെയുള്ള സാക്ഷിമൊഴികളുടെയും ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് പയ്യോളി സ്വദേശിയാണ് 44 കാരനായ രാംദാസ്. ഇയാളെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അദ്യപികയുടെ ഭർത്താവ് കുറ്റൂർ എൽ പി സ്കൂളിൽ പ്രധാനധ്യാപകനാണ്.

error: Content is protected !!