ഭരണസമിതി അറിയാതെ തിരൂരങ്ങാടിയിൽ മാലിന്യം കൊണ്ടുപോകുന്നതിനുള്ള കരാർ ഇരട്ടി തുകക്ക് മറ്റൊരു ഏജൻസിക്ക് നൽകിയെന്ന്

തിരൂരങ്ങാടി നഗരസഭയില്‍ ഹരിത കര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന കരാര്‍ മാറ്റി നല്‍കിയതിനെ ചൊല്ലി വിവാദം. ഇതുവരെ മാലിന്യങ്ങള്‍ കൊണ്ടു പോയിരുന്ന ഏജന്‍സിയെ മാറ്റി പകരം മറ്റൊരു ഏജന്‍സിക്ക് നല്‍കിയതാണ് വിവാദമായത്. മാത്രമല്ല, നിലവിലെ ഏജന്‍സിക്ക് നല്‍കിയിരുന്ന തുകയുടെ ഇരട്ടിയിലേറെ തുകയാണ് പുതിയ ഏജന്‍സിക്ക് നല്‍കുന്നത്. നഗരസഭ ഭരണ സമിതിയെ അറിയിക്കാതെ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പുതിയ കരാര്‍ നല്‍കിയത്. പുതിയ ഏജന്‍സി ഒരു ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഭരണ സമിതി അറിയുന്നതെന്നതാണ് കൗതുകം. അതേ സമയം, നഗരസഭാധ്യക്ഷന്‍ ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിച്ച് ഒപ്പു വെപ്പിച്ചതാണെന്നാണ് ഭരണസമിതി പറയുന്നത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ… https://chat.whatsapp.com/HjIezOzQ5qlHzkErrCmArF


പ്ലാസ്റ്റിക്, ചെരിപ്പ്, ബാഗ്, തുണി, മെഡിസിന്‍ സ്ട്രിപ്പ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ കൊണ്ടു പോകുന്നതിന് നല്‍കിയ കരാറാണ് ആരോപണത്തിനിടയാക്കിയത്. കിലോക്ക് 5.50 രൂപ നല്‍കിയാണ് കഴിഞ്ഞ മാസം വരെ സ്വകാര്യ ഏജന്‍സി കൊണ്ടു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന് കീഴിലുളള ക്ലീന്‍ കേരള മിഷന്‍ ഏജന്‍സിക്ക് ഈ മാസം മുതല്‍ കരാര്‍ നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് കിലോക്ക് ജിഎസ്ടി ഉള്‍പ്പെടെ 12 രൂപയോളം നല്‍കണം. ഓരോ മാസവും ടണ്‍ കണക്കിന് മാലിന്യങ്ങളാണ് കൊണ്ടു പോകുന്നത്. പുതിയ കരാര്‍ പ്രകാരം നിലവില്‍ കൊടുക്കുന്നതിന്റെ ഇരട്ടി തുക ഏജന്‍സിക്ക് നല്‍കണം.
പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് ഭരണ സമിതി അംഗങ്ങളൊന്നും അറിഞ്ഞില്ലെന്നതാണ് ബഹുരസം. കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ കരാര്‍ അംഗീകരിക്കുന്ന കാര്യ ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് അംഗങ്ങളെല്ലാം സംഭവമറിയുന്നത്. സാധാരണ, ആരോഗ്യ സ്ഥിര സമിതിയില്‍ അജന്‍ഡ വെക്കുകയും ഇത് ചര്‍ച്ച ചെയ്ത് കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി ശുപാര്‍ശ ചെയ്യുകയുമാണ് നടപടി ക്രമങ്ങള്‍. എന്നാല്‍ ഇവിടെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി വരികയായിരുന്നു. ഇത് ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ എതിര്‍ത്തു. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള കരാര്‍ സംശയത്തിനിടയാക്കുന്നതായി ആരോപിച്ചു. നിലവിലെ ഏജന്‍സിയുടെ കരാര്‍ കഴിഞ്ഞ കാര്യമോ, പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കിയതോ ഭരണസമിതിയേയോ സ്റ്റാന്റിംഗ് കമ്മിറ്റിയെയോ അറിയിക്കാതെയാണെന്നും കരാര്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. എന്നാല്‍ ഇതിന് നഗരസഭാധ്യക്ഷന്‍ കെ.പി.മുഹമ്മദ് കുട്ടി മുന്‍കൂര്‍ അനുമതി നല്‍കിയതായി സെക്രട്ടറിയുടെ ചുമതലയുള്ള അസി.എന്‍ജിനീയര്‍ പറഞ്ഞു. ഈ സമയം യോഗത്തില്‍ ചെയര്‍മാന്‍ ഇല്ലായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ ധൃതിപിടിച്ചും അധികബാധ്യത വരുത്തുന്നതുമായതിനാല്‍ ഈ കരാര്‍ അംഗീകരിക്കേണ്ടതില്ലെന്നും ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതി റദ്ദാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പുതിയ ഏജന്‍സി കൊണ്ടു പോയ ഒരു ലോഡ് മാലിന്യത്തിന്റെ കാശ് നല്‍കേണ്ടതില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ നടപ്പാക്കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഈ ചുമതലകളില്‍ നിന്ന് നീക്കാനും ഇദ്ദേഹത്തിനെതിരെ നഗരകാര്യ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.
അതേ സമയം, കഴിഞ്ഞ മെയ് 31 ന് വെഞ്ചാലിയിലെ എംസിഎഫ് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ നിലവിലെ ഏജന്‍സിയുടെ കരാര്‍ റദ്ദായതായും പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കുന്നത് സംബന്ധിച്ച് നഗരസഭാധ്യക്ഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങയിട്ടുണ്ടെന്നുമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പിന്തുണക്കുന്ന നിലപാടാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി.എന്‍ജിനീയര്‍ക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് പുതിയ ഏജന്‍സിക്ക് നല്‍കിയതെന്നും മുന്‍പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കിയത് തെറ്റായിരുന്നെന്നും അവര്‍ മാലിന്യങ്ങള്‍ എവിടെ കൊണ്ടു പോകുന്നു, എന്ത് ചെയ്യുന്നു എന്നറിയില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 10.50 രൂപയ്ക്ക് താഴെ കരാറെടുക്കുന്ന സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കാമെന്നും ഹരിത കേരള മിഷന്‍ മാനദണ്ഡ പ്രകാരമാണ് നല്‍കിയിരുന്നതെന്നും ഭരണ സമിതി അംഗങ്ങള്‍ പറയുന്നു.
ധൃതിപിടിച്ച് കരാര്‍ നല്‍കിയതിന് പിന്നില്‍ മറ്റു താല്‍പര്യമാണെന്നാണ് ആക്ഷേപം. ടെന്‍ഡര്‍ ചെയ്യുകയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്യാതെ പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കുകയും ഒരു ലോഡ് മാലിന്യം നല്‍കുകയും ചെയ്തിരുന്നു. ധൃതിപിടിച്ചുള്ള നടപടി സംശയത്തിനിടയാക്കുന്നതായാണ് ഭരണസമിതി അംഗങ്ങള്‍ പറയുന്നത്. സർക്കാർ ഏജൻസി ആയതിനാൽ ഓഡിറ്റ്

ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടാകില്ല എന്നതാണ് സർക്കാർ ഏജൻസിക്ക് നൽകുന്നതിനുള്ള പ്രത്യേകത. എത്ര തുക കൂടിയാലും നടപടി ഉണ്ടാകില്ല. സാധാരണ സർക്കാരിന്റെ ഇത്തരം ഏജൻസികൾ പലതും കരാർ എടുത്ത ശേഷം മറ്റുള്ളവർക്ക് ഉപകരാർ നൽകുകയാണ് ചെയ്യുന്നത്.

error: Content is protected !!