പരപ്പനങ്ങാടി: യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ്(19), ചെട്ടിപ്പടി പ്രശാന്തി ആശുപത്രിക്ക് പിറക് വശത്തെ മാപ്പോയിൽ മുഹമ്മദ് നിഹാദ്(19) എന്നിവരെയാണ് പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് റെയിൽവേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാർക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂർ ഡാൻസഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ്പെക്ടർ ആർ.യു അരുൺ, സിവിൽ പൊലിസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ്റഹ്മാൻ, അഭിലാഷ് എന്നിവർ ചേർന്നു മാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ 21ന് പരപ്പനങ്ങാടി ടൗണിൽ ഉള്ള കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ശാഖയുടെ ഷട്ടർ പൊളിച്ച് മോഷണശ്രമം നടത്തിയിട്ടുള്ളതും ഇവരാണെന്ന് തെളിഞ്ഞെന്ന് പൊലിസ് അറിയിച്ചു. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നും മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും നിലവിലെ കേസുകളിൽ വേറെ ആരെങ്കിലും കൂടെ ഉണ്ടോ എന്നും അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു.