അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, കെ.ബ്രിജിത്ത് കുമാർ എന്നിവർ പറഞ്ഞു. വീതി കുറഞ്ഞ റോഡിൽ ഓട നിർമ്മിച്ചത് വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനും പ്രയാസവും നേരിടുന്നുണ്ട്. മഴ ശക്തി പ്രാപിക്കുന്നതോടെ കൂടുതൽ ദുഷ്ക്കരവുമാകും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ ഓടയിലെ മലിനജലം ശാസ്ത്രീയമായ രീതിയിൽ ഒഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം ( പി ഡി എഫ്) പരപ്പനങ്ങാടി നഗരസഭ ചെയർമാൻ, സെക്രട്ടറി, ആരോഗ്യ വകുപ്പ് മേധാവികൾ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. തുടർ നടപടികൾ ഉണ്ടാകാത്ത പക്ഷം ജനകീയ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് ഭാരവാഹികളായ മനാഫ് താനൂർ, യു.ഷാജി മുങ്ങാത്തം തറ, പി.പി.അബൂബക്കർ , സി.യഹ് യ എന്നിവർ പറഞ്ഞു.

error: Content is protected !!