
ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെ ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് ലിജ.
കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസമാണ് നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഈ കുട്ടിയുടെ വിയോഗമുണ്ടാക്കിയ വേദന മാറും മുമ്പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചത്.
അപ്പോള്‍ മുതല്‍ ലിജ കടുത്ത മനസിക സംഘര്‍ഷത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. എപ്പോഴും അമ്മയും സഹോദരങ്ങളും ലിജക്കൊപ്പമുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ പള്ളിയില്‍ പോകാനായി അമ്മയും സഹോദരങ്ങളും ഒരുങ്ങുന്നതിനിടയിലാണ് ലിജ മൂത്ത കുട്ടിയുമായി വീട്ടിലെ 40 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ ചാടിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ഇരുവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ കട്ടപ്പന താലൂക്കാശുപത്രിയിലേക്ക് മാറ്റി.
തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പില്‍ ടോം ആണ് ലിജയുടെ ഭര്‍ത്താവ്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.