അമ്മ പാലത്തില്‍ നില്‍ക്കവേ കയ്യില്‍ നിന്ന് തെറിച്ച് പുഴയിലേക്ക് വീണ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പ്പാലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും തെറിച്ച് താഴെ വീണത്. കുഞ്ഞ് വീണ സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ കട്ടുപ്പാറ തടയണയുടെ 50 മീറ്റര്‍ താഴെനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരിന്തല്‍മണ്ണയില്‍നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് കുഞ്ഞിന്റെ മദതദേഹം പുറത്തെടുത്തത്. മത്സ്യബന്ധനത്തിനെത്തിയ ചിലര്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിവന്നിരുന്ന യുവതിയുടെ കയ്യില്‍ നിന്നാണ് കുഞ്ഞ് താഴേക്കുവീണത്. മപ്പാട്ടുകര പാലത്തില്‍ കുഞ്ഞിനെയുമെടുത്ത് നിന്നപ്പോഴാണ് യുവതിയുടെ കൈയില്‍ നിന്ന് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണത്. പെട്ടെന്ന് ട്രെയിന്‍ വന്നപ്പോള്‍ കുഞ്ഞ് കയ്യില്‍ നിന്നും തെറിക്കുകയായിരുന്നെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. സംഭവം നടന്ന മെയ് 10ന് തന്നെ കുഞ്ഞിനായി നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.