കാടമ്പുഴ ദേവസ്വം ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ബിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന്‍, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജര്‍ എന്‍ വി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

കാടാമ്പുഴ ദേവസ്വം വര്‍ഷങ്ങളായി തുടരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും. 1988 മുതല്‍ പ്രവര്‍ത്തിക്കുന്ന ധര്‍മാശുപത്രിയുടെ തുടര്‍ച്ചയായാണ് നിര്‍ധനരായ വൃക്കരോഗബാധിതര്‍ക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിച്ചത്. ഭാവിയില്‍ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യംനല്‍കുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വൃക്കയുടെ രൂപത്തില്‍ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 25 ഡയാലിസ് യന്ത്രങ്ങള്‍ ഇവിടെയുണ്ടാവും. 10 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. 15 എണ്ണം കൂടെ ഉടന്‍ സ്ഥാപിക്കും.

error: Content is protected !!