
കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്
തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.പി.എ മജീദ് എം.എല്‍.എ ഈ വിഷയം നിയമസഭയില്‍ ചോദ്യോത്തര സമയത്ത് ഉന്നയിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വാഹന പരിശോധന നടത്തുന്ന ഹോം ഗാര്‍ഡുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ എന്നും, ഇത്തരത്തില്‍ നടത്തുന്ന വാഹന പരിശോധനകള്‍ക്കെതിരെ സഹകരിക്കാത്തവര്‍ക്കെതിരെ കേസുടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്, അത്തരം പരിശോധനക്ക് അധികാരമോ, അനുമതിയോ നല്‍കാത്തതിനാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹോംഗാര്‍ഡുകള്‍ വലിയ തോതില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ട് പോകുകയും ചെയ്യല്‍ പതിവാണ്. ഇത് നിരന്തരം തുടര്‍ന്നതോടെ മുസ്്‌ലിം യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റി വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളും യാത്രക്കാരും ഇതേ വിഷയം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എയുടെ ചോദ്യം.