ഭോപ്പാൽ: സഹോദരിമാരുടെ വിവാഹ ചടങ്ങിനിടെ വൈദ്യുതി തകരാറിലായതിനെ തുടർന്ന് വരന്മാർക്ക് വധുവിനെ പരസ്പരം മാറി. വെളിച്ചക്കുറവും വധുവായ പെൺകുട്ടികൾ മുഖാവരണം ധരിച്ചിരുന്നതും കാരണമാണ് പരസ്പരം തിരിച്ചറിയാൻ കഴിയാതായത്. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഞായറാഴ്ചയാണ് സംഭവം.
രമേഷ്‌ലാൽ എന്നയാളുടെ മക്കളായ നികിതയുടെയും കരിഷ്മയുടെയും വിവാഹം ഒരേ ദിവസം ഒരേ വേദിയിലാണ് നടത്തിയത്. ഒരേ പോലെയുള്ള വസ്ത്രമാണ് സഹോദരിമാർ ധരിച്ചിരുന്നത്. വ്യത്യസ്ത കുടുംബങ്ങളിൽപെട്ട ദംഗ്‌വാര ഭോലയും ഗണേഷുമായിരുന്നു വരൻമാർ.
താലികെട്ടുന്ന സമയത്ത് കറന്‍റ് പോയതോടെ വെളിച്ചക്കുറവുണ്ടായിരുന്നു. വധുമാർ മുഖാവരണം ധരിച്ചത് കാരണം പരസ്പരം തിരിച്ചറിയാനും സാധിച്ചില്ല. പരസ്പരം കൈകൾ കോർത്ത് നടക്കുമ്പോളും വധൂ വരന്മാർ തമ്മിൽ മാറിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ചടങ്ങ് പൂർത്തിയാക്കി വധുവിനെ കൂട്ടി വരൻമാരുടെ വീടുകളിൽ എത്തിയപ്പോളാണ് സംഭവം മനസിലാകുന്നത്.
ആദ്യം ചില വാക്കുതർക്കങ്ങളുണ്ടായെങ്കിലും അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്തി ബന്ധുക്കൾ പ്രശ്നം പരിഹരിക്കുകയായിരുന്നു.