സംസ്ഥാനത്ത് ബസ് ചാർജ് വർധിക്കുമെന്ന് ഉറപ്പായി. നിരക്ക് വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി നൽകി. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്നും 10 രൂപയാക്കാനാണ് തീരുമാനം.
എന്നാൽ ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്ന വിദ്യാർഥികളുടെ നിരക്ക് വർധന അംഗീകരിച്ചില്ല. വിദ്യാർഥികൾക്ക് പഴയ നിരക്ക് തന്നെ തുടരും.
ബസ് ചാർജിന് പുറമേ ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിക്കും. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയിൽ നിന്നു 30 രൂപയാക്കി വർധിപ്പിച്ചു. അധിക കിലോ മീറ്ററിന് 12 രൂപയിൽനിന്നും 15 രൂപയാക്കിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ടാക്സി നിരക്ക് 1,500 സിസിയിൽ താഴെയുള്ള കാറുകൾക്ക് മിനിമം ചാർജ് 170 രൂപയിൽ നിന്നു 200 രൂപയാക്കി. അധിക കിലോമീറ്ററിന് 15 രൂപയിൽനിന്നും 18 രൂപയാക്കി. 1,500 സിസിക്ക് മുകളിലുള്ള ടാക്സികൾക്ക് മിനിമം ചാർജ് 200 രൂപയിൽ നിന്നും 220 രൂപയും അധിക കിലോ മീറ്ററിന് 17ൽനിന്നും 20 രൂപയുമാക്കി.
രാത്രികാല നിരക്കും വെയ്റ്റിംഗ് ചാർജും പഴതുപോലെ തുടരും.