ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദർശനം നടത്തി പ്രർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സോണൽ ഐ.ജിമാർ, റേഞ്ച് ഡി.ഐ.ജിമാർ ജില്ലാ പോലീസ് മേധാവിമാർ എന്നിവർക്ക് നിർദേശം നൽകി. ഇതിനായി തൊഴിൽ വകുപ്പിന്റെ ‘ആവാസ്’ പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാം. പോലീസ് ആസ്ഥാനത്തും ഓൺലൈനിലുമായി ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി വിവിധ ജില്ലകളിൽ റെയ്ഡ് ഉൾപ്പെടെയുളള പോലീസ് നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7,674 സാമൂഹിക വിരുദ്ധർ അറസ്റ്റിലായി. 7,767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദു ചെയ്തു. കാപ്പ നിയപ്രകാരം 175 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി.

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസ് ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തണം. അവർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇവർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നും നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.

പുതുവത്സര ആഘോഷങ്ങൾ, ഒമിക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങൾ നടപ്പിലാക്കാനായി മുഴുവൻ പോലീസ് സേനയെയും വിന്യസിക്കും.
മയക്കുമരുന്ന്, സ്വർണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്റലിജൻസ് സംഘങ്ങൾ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വർഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാൻ പോലീസിന് കർശന നിർദേശം നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും അതിന് സാമ്പത്തിക സഹായം നൽകുന്നവരെയും കണ്ടെത്തും.

വർഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തുവരുന്നു. ഇതിനകം 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 31 പേർ അറസ്റ്റിലായി. വർഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിൻമാരും കേസിൽ പ്രതികളാകും. ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബർ പോലീസ് സ്റ്റേഷനെയും സൈബർ സെല്ലിനെയും സൈബർഡോമിനെയും ചുമതലപ്പെടുത്തി

error: Content is protected !!