4 പതിറ്റാണ്ട് മുമ്പ് വിരമിച്ച മുഹമ്മദ് മാഷിനെ തേടി തലശ്ശേരിയിൽ നിന്നും ശിഷ്യരെത്തി

തിരൂരങ്ങാടി: സർവീസിൽ നിന്ന് വിരമിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടതിനു ശേഷം തന്റെ വിദ്യാർത്ഥികളെ ഒന്നിച്ച് കാണാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിർവൃതിയിലാണ് കക്കാട് ഒറ്റത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ. തന്റെ മുന്നിൽ ഊർജ്ജസ്വലതയോടെ പഠിക്കാനിരുന്ന കുട്ടികൾ തലനരച്ച മുത്തശ്ശന്മരായി മുന്നിൽ വന്നപ്പോൾ അനിർവാച്യമായ സന്തോഷത്താൽ മുഹമ്മദ് മാസ്റ്ററുടെ (95) കണ്ണൂകൾ നിറഞ്ഞു.
തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ 1970 – 1980 വരെയുള്ള എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകനെ തേടിയെത്തിയത്. പൂർവ വിദ്യാർത്ഥി സംഘടനയായ മുബാറക് ഇൻറഗ്രേറ്റഡ് സ്റ്റുഡൻസ് അസോസിയേഷനാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. പ്രസിഡണ്ട് സാക്കിർ കാത്താണ്ടി, സെക്രട്ടറി വി പി അഷ്റഫ്, മുൻ രഞ്ജി താരം സി ടി കെ ഉസ്മാൻ കുട്ടി, ലുക്മാൻ തലശ്ശേരി, ഫസൽ കൂവേരി, മുസ്താഖ് ഹസ്സൻ എകെ സഹീർ മുനീർ കാത്താണ്ടി, ജികെ അബ്ദുനാസർ, പി കെ മഹ് മൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൂർവവിദ്യാർത്ഥികളാണ് എത്തിയത്.
ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ ഷൗക്കത്തലി മാഷിൻ്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നിന്നും വന്നവരെ സ്വീകരിച്ചു.
തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂളിൽ 1955 മുതൽ 1983 വരെ 28 വർഷം ഹെഡ്മാസ്റ്ററായി സേവനം ചെയ്തിരുന്ന മുഹമ്മദ് മാസ്റ്റർ ഇപ്പോൾ കക്കാടുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലാണ് .
1953 – 54 അക്കാദമിക് വർഷത്തിൽ കോഴിക്കോട് ഗവൺമെൻ്റ് ട്രെയിനിങ് കോളേജിൽ നിന്നും ബി.ടി. പൂർത്തീകരിച്ച അദ്ദേഹം അടുത്ത വർഷം തന്നെ ഫാറൂഖ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. തൊട്ടടുത്ത വർഷത്തിൽ തലശ്ശേരി മുബാറക് ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ തസ്തികയിൽ തന്നെ ജോലിയിൽ പ്രവേശിക്കുകയും 1983 ൽ അദ്ദേഹം വിരമിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേശിച്ച് ഹെഡ്മാസ്റ്ററായി വിരമിച്ച ചരിത്രം ഒരുപക്ഷേ ഒ മുഹമ്മദ് മാസ്റ്റർക്ക് മാത്രം അവകാശപ്പെട്ടതാണ്. ഫാറൂഖ് ഹൈസ്കൂളിലും മുബാറക്ക് ഹൈസ്കൂളിലുമായി ഏകദേശം മുപ്പത് വർഷക്കാലം ഹെഡ്മാസ്റ്റർ തസ്തികയിൽ മാത്രം പ്രവർത്തിച്ചത് കൊണ്ടു തന്നെ തലശ്ശേരിക്കാർക്ക് മുഹമ്മദ് മാസ്റ്ററുടെ പേര് ഹെഡ്മാസ്റ്റർ എന്നായി മാറി. സ്ഥാപനത്തിൻ്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്ന കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന മാസ്റ്റർ, കല, സ്പോർട്സ് പ്രസംഗ പരിശീലനം, സാഹിത്യ രചനയിൽ കുട്ടികളെ പരിപോഷിപ്പിക്കുകയും ഈ രംഗത്ത് മഹത് വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ കാലഘട്ടത്തിൽ വിദ്യാർഥി പ്രസ്ഥാനത്തെ നയിച്ചു.
സി രാജഗോപാലാചാരി, ജനറൽ കരിയപ്പ, ഉപ്പി സാഹിബ്, ഗായകൻ മുഹമ്മദ് റാഫി എന്നിവരെ ക്ഷണിച്ചു വരുത്തി മുബാറക്ക് സ്കൂളിൻ്റെ പ്രശസ്തി ഉയർത്തി. 1970 സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സ്കൂൾ പ്രവർത്തി സമയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ദേവഗൗഡ കമ്മീഷൻ അംഗമായി പ്രവർത്തിച്ചിരുന്നു. കക്കാട് പ്രദേശത്തെ ആദ്യ അഭ്യസ്തവിദ്യനായ ഇദ്ദേഹം 10 കിലോമീറ്ററോളം കാൽനടയായി നടന്ന് കോട്ടക്കൽ രാജാസ് സ്കൂളിൽ നിന്നാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫാറൂഖ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎ ഒന്നാം റാങ്കോടെ വിജയിച്ചു.
തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മുഹമ്മദ് മാസ്റ്റർ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. തലശ്ശേരിയിൽ നിന്നും എത്തിയവർ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കണ്ടതോടെ പ്രായം മറന്ന് വിദ്യാർഥികളായി. പിന്നീട് പാട്ടും കഥപറയലും കളിയും ചിരിയുമായി അധ്യാപകനോടപ്പം സമയം ചെലവഴിച്ചു. പ്രിയപെട്ട അധ്യാപകനെ ആദരിച്ചും പ്രശസ്തിപത്രവും നൽകിയും നിറയെ സമ്മാനങ്ങളുമായാണ് വിദ്യാർത്ഥികൾ എത്തിയത്.

https://youtu.be/YJrScPj6HcY
വീഡിയോ
error: Content is protected !!