
ജില്ലാ പഞ്ചായത്ത് സൗഹൃദ മത്സരങ്ങൾ ആവേശമായി
ലോക കപ്പ് ഫുട്ബോളിന്റെ കളിയാരവങ്ങളിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങൾ ആവേശമായി.മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വി.ആർ. പ്രേം കുമാർ കിക്കോഫ് ചെയ്ത് നിർവഹിച്ചു.ആദ്യ മത്സരത്തിൽ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ടീമും മലപ്പുറത്തെ മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി.
ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയിൽ നസീർ ആദ്യ ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. കാൽ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയർത്തിയ മനോഹരമായ മത്സരങ്ങളിൽ ജില്ലയിലെ മികച്ച പഴയ കാല താരങ്ങൾ അണി നിരന്നു.ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ രണ്ടാം മത്സരത്തിൽ ജില്ലാ പൊലീസ് വെറ്ററൻ ടീമും മലപ്പുറം വെറ്ററൻസും തമ്മിൽ നടന്ന മത്സരം ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ട് ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി അബ്ദുറഹ്മാൻ, ഫൈസൽ എടശ്ശേരി, കെ. ടി. അഷ്‌റഫ്, വി. കെ. എം. ഷാഫി, ടി. പി. എം. ബഷീർ, ടി. പി. ഹാരിസ്, വി. പി. ജസീറ, സമീറ പുളിക്കൽ, ശ്രീദേവി പ്രാക്കുന്ന് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ലോക കപ്പിന്റെ കളിയാരവങ്ങളിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന ജനകീയ മത്സരമായ ഷൂട്ടൗട്ട് മത്സരങ്ങൾ ഇന്ന് ( നവംബർ 18) വൈകുന്നേരം 3.30 ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കും. പ്രാദേശിക വെറ്ററൻ താരങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ പി. ടി. എ, ജനപ്രതിനിധികൾ തുടങ്ങിയവർ മാറ്റുരക്കും. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകും.