തിരൂരങ്ങാടി- പി എസ് സി പരീക്ഷ ഹാളിൽ വാച്ച് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് കാരണം പരീക്ഷ എഴുതുമ്പോൾ സമയം സംബന്ധിച്ച ധാരണ ഉദ്യോഗാർഥികൾക്ക് ഉണ്ടായാലെ സമയ പരിധിക്കുള്ളിൽ മുഴുവൻ ഉത്തരങ്ങളും എഴുതാനും ആലോചിക്കാനും സമയമുണ്ടാകൂ. എന്നാൽ പല പരീക്ഷ കേന്ദ്രങ്ങളിലും ക്ലോക്ക് ഇല്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയാൻ മാർഗമില്ല. ഇത് പരീക്ഷ എഴുതുമ്പോൾ ആത്മ വിശ്വാസ കുറവുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തെ കുറിച്ച് ഉദ്യോഗർഥിയായ കൊല്ലം സ്വദേശിനി ആർ.ജിജി എന്നയാൾ ഈ മാസം 4 ന് മനോരമ പത്രത്തിൽ വായനക്കാരുടെ പേജിൽ കത്തെഴുതിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട തിരൂരങ്ങാടി ലയൺസ് ക്ലബിന്റെ ഭാരവാഹികൾ ഇവിടെ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ ഇതിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരൂരങ്ങാടിയിൽ പരീക്ഷ കേന്ദ്രങ്ങളായ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 15 ക്ലാസ് മുറികളിൽ വീതം ക്ലോക്കുകൾ സ്ഥാപിച്ചു. ഓറിയന്റൽ സ്കൂളിൽ നടന്ന ചടങ്ങിൽ, പ്രസിഡന്റ് അമർ മനരിക്കൽ, സെക്രെട്ടറി എം.പി. സിദ്ധീഖ്, എം.സി. മുഹമ്മദ്, സി.എച്ച്. ഷിബിൽ എന്നിവർ ചേർന്ന്, പ്രിൻസിപ്പൽ ഒ. ഷൗക്കത്ത് മാസ്റ്റർ, എച്ച് എം റഷീദ്‌മസ്റ്റർ എന്നിവർക്ക് കൈമാറി.