മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍.

മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്.

കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ റിഷാദ് മൊയ്തീൻ വീടിന്‍റെ ഓട് പൊളിച്ച് മുകളിൽ കയറി ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇതരസംസ്ഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാൾ അടുത്തിടെ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പോലീസ്, പഴയങ്ങാടിയിൽ ഇയാളുടെ താമസസ്ഥലം വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി. അബ്ദുൽ ബഷീറിന്റെ മേൽനോട്ടത്തിൽ മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്ഐ സുജിത്. ആർ.പി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പൂവത്തി, എൻ.എം. അബ്ദുല്ല ബാബു, , കെ.കെ. ജസീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!