കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ പുഴയിൽ വീണ് മരിച്ചു. പാലേരി സ്വദേശി റെജിൽ (29) ആണ് മുങ്ങി മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.
കുടുംബവുമൊത്ത് വിനോദസഞ്ചാരത്തിനെത്തിയ നവദമ്പതികൾ ഫോട്ടോഷൂട്ടിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒഴുകിപ്പോയ റെജിലിന്റെ ഭാര്യ കനികയെ രക്ഷപ്പെടുത്തി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 14നായിരുന്നു റെജിലിന്റേയും കനികയുടേയും വിവാഹം.
അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരും കൂടി ചേർന്ന് റെജിലിനേയും പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നല്ല ഒഴുക്കുള്ള സ്ഥലമാണ് ഇവിടം. സ്ഥലത്തിന്റെ സ്വഭാവം അറിയാത്തവർ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.