മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ, മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ടല്ല, ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത് ; ആരോപണവുമായി വിഎസ് ജോയ്

മലപ്പുറം : താനൂരില്‍ അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്ന് ആരോപണം. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്.ജോയ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ്.ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

താനൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍

മരണപ്പെട്ടവര്‍ അല്ലാ..

അധികാരി വര്‍ഗത്തിന്റെ അനാസ്ഥ കാരണം കൊല്ലപ്പെട്ടവര്‍..

അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ല മറിച്ചു മല്‍സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അല്‍ട്രേഷന്‍ നടത്തി നിര്‍മ്മിച്ചതാണ്..

മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു. ഒരു മാസം മുന്‍പ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത്. പരാതി വന്നപ്പോള്‍ മന്ത്രി ഓഫിസ് ഇടപെട്ടാണ് അനുമതി നല്‍കിയത് എന്ന് പറയപ്പെടുന്നു.

18 പേരെ കയറ്റാവുന്ന ബോട്ടില്‍ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാല്‍ വരെ ആളെ വിളിച്ചു കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്. പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയന്‍ ആണ് ബോട്ടിന്റെ ഉടമ എന്നതുകൊണ്ട് നിയമ സംവിധാനങ്ങള്‍ ഈ അനധികൃത സംവിധാനത്തിന് മുന്നില്‍ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം. അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.

error: Content is protected !!