പൊയ്ക്കുതിരകൾ നിറഞ്ഞാടി, ഇത്തവണ കോഴിക്കളിയാട്ടത്തിനെത്തിയത് പതിനായിരങ്ങൾ

രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്. ജൂൺ ഒന്നിന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ കോവിഡനന്തരം മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും.

മഴ മാറിനിന്ന പകലിൽ കളിയാട്ടക്കാവിലേക്കുള്ള വഴികൾ രാവിലെ മുതൽ ദേവീസ്തുതികളിൽ നിറഞ്ഞു. ചെണ്ടകൊട്ടി നൃത്തംചെയ്ത് കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു.

മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കൂടിയായ മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ 17 ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ പ്രധാനചടങ്ങായ കോഴിക്കളിയാട്ടത്തിന് പതിനായിരങ്ങളാണ് കളിയാട്ടക്കാവിലെത്തിയത്. 17 ദിവസത്തെ കളിയാട്ടത്തിൽ പകൽ നടക്കുന്ന ഏക ചടങ്ങാണ് വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം.

https://fb.watch/dhsvaE4fch/

രാവിലെ ആചാരപ്രകാരം സാംബവ മൂപ്പന്റെ നേതൃത്വത്തിലുള്ള സംഘം പൊയ്ക്കുതിരകളുമായി ആദ്യം ക്ഷേത്രത്തിൽ പ്രവേശിച്ച് കാവുതീണ്ടൽകർമം നടത്തി. കാരണവർ കാവുടയനായർ മുറത്തിലിരുന്ന് കുതിരപ്പണം വാങ്ങി പൊയ്ക്കുതിരകളുടെ ഓലചീന്തി കുതിരപ്ലാക്കൽ തറയിൽ പൊയ്ക്കുതിരകളെ തച്ചുടയ്ക്കുന്നതിനുള്ള അനുവാദം നൽകി. അതോടെ വിവിധദേശങ്ങളിൽനിന്നുള്ള പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു. ആചാരപൂർവം ദക്ഷിണനൽകി പൊയ്ക്കുതിരകളെ തച്ചുടച്ചു. ദേവീചിത്രങ്ങൾക്കു പുറമേ മുസ്‌ലിം, ക്രിസ്ത്യൻ പ്രതീകങ്ങളടങ്ങുന്ന ഒട്ടേറെ പൊയ്ക്കുതിരകളുമായി വിവിധ ദേശക്കാർ എത്തിയത് നാടിന്റെ മതസൗഹാർദ സന്ദേശവുമായി. വിവിധ ആൽത്തറകൾക്കു പുറമേ മമ്പുറം മഖാമിലും പ്രദക്ഷിണം നടത്തിയും മുട്ടിച്ചിറ പള്ളിയിൽ കാണിക്കയിട്ടുമാണ് പൊയ്ക്കുതിര വരവ് കടന്നു പോകുന്നത്.

പൈങ്ങാംകുളം, ഭഗവതി വിശ്രമിക്കാനിരുന്നെന്ന് വിശ്വസിക്കുന്ന ആൽത്തറ എന്നിവ ചുറ്റിയാണ് പൊയ്ക്കുതിരസംഘങ്ങൾ ക്ഷേത്രത്തിലെത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കൂടുതൽ പൊയ്ക്കുതിരകൾ എത്തിയത്. ഇതോടെ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി പലപ്പോഴും ജനനിബിഡമായി സ്തംഭിച്ച അവസ്ഥയിലായി. വരവുകൾക്ക് കടന്നു പോകാൻ പലപ്പോഴും പ്രയാസപ്പെട്ടു. വൈകുന്നേരമായപ്പോഴേക്കും വിശ്വാസികളുടെ തിരക്കിൽ ക്ഷേത്രവും പരിസരവും വീർപ്പു മുട്ടി. പൊയ്ക്കുതിര വരവ് സമാപിച്ച ശേഷം ക്ഷേത്രത്തിൽ മറ്റ് കളിയാട്ടച്ചടങ്ങുകളും നടന്നു.

ബുധനാഴ്ച നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കും. ഇനി തുലാമാസത്തിൽ കടലുണ്ടി പേടിയാട്ടുകാവ് ക്ഷേത്രത്തിലെ വാവുത്സവത്തോടെയാണ് മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാകുക.

കളിയാട്ടത്തിന്റെ ഭാഗമായി വിപുലമായ കാർഷികച്ചന്തയും മൂന്നിയൂരിൽ നടക്കുന്നുണ്ട്. പുതിയ കൃഷിക്കാലത്തിന് ആവശ്യമായ വിത്തുകളും തൈകളും കാർഷിക ഉപകരണങ്ങളും വാങ്ങിയാണ് കളിയാട്ടത്തിനെത്തിയവർ മടങ്ങിയത്.

error: Content is protected !!