മേലാറ്റൂർ : പറഞ്ഞുറപ്പിച്ച സംഖ്യ നൽകിയില്ല, മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ അതേ ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർ അറസ്റ്റിൽ. കീഴാറ്റൂർ മുള്ള്യാകുർശ്ശി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാംകുന്നേൽ നഫീസ(48) യെ വീട്ടിൽക്കയറി ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ്‌നാട് ഉക്കടം സ്വദേശി കാജ ഹുസൈൻ (39), മുള്ള്യാകുർശ്ശിയിലെ കീഴുവീട്ടിൽ മെഹബൂബ് (58), പന്തലം ചേലി അബ്ദുൾ നാസർ (പൂച്ച നാസർ-32) എന്നിവരെയാണ് മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
നഫീസയുടെ ആവശ്യപ്രകാരം മാസങ്ങൾക്കുമുൻപ് മകന്റെ ബൈക്ക് കത്തിച്ച കേസിൽ ജയിലിലായിരുന്നു ഇവർ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനെച്ചൊല്ലി നഫീസയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മാരകായുധങ്ങളുമായി വീടിനകത്ത് കയറി അവരെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ്.ഐ. മുരുകേശൻ, സി.പി.ഒ.മാരായ അനീഷ് പീറ്റർ, ഷിജു, രാജേഷ്, സുരേന്ദ്രബാബു, അമീൻ എന്നിവരും ഉണ്ടായിരുന്നു.