മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി : മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയില്‍ ഉണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുള്ള ഹര്‍ജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചു.

ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സൈദ് വസീം റിസ്വി എന്നയാളാണ് ഹര്‍ജി നല്‍കിയത്.

സമാന ഹര്‍ജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയില്‍ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!