മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് കുമളിയില്‍ അറസ്റ്റിലായത്.
സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്ത് മാറി നോട്ടാക്കി ആഡംബര ജീവിതം നയിച്ച് വരവേയാണ് പിടിയിലായത്.കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ പ്രതി കൈമാറുന്നത് പോലീസിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇയാളെ നിരീക്ഷിച്ചപ്പോഴാണ് സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022 ജൂലൈ 17ന് ആണ് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്ന് പ്രതി ശിക്ഷകഴിഞ്ഞ് ഇറങ്ങിയത്. ഇതിനിടെ മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തി. ആയിരത്തിലധികം അമ്പലഭണ്ഡാരങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രതി അവകാശപ്പെടുന്നത്. പിടികൂടിയ സമയം പ്രതിയുടെ കൈവശമുള്ള ബാഗില്‍ എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ച ചില്ലറയും നോട്ടുകളും അഞ്ച് ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീത് ഉള്‍പ്പെടെയും ഉണ്ടായിരുന്നു.
20 വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തി വരികയാണ്. അമ്പലം മോഷണം നടത്തുന്നതിനായി അടുത്ത പ്രദേശങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുകയും പിന്നീട് കെഎസ്ആര്‍ടിസി, റെയില്‍വേ പാര്‍ക്കിംഗുകളില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം അതിന്റെ താക്കോല്‍ കൈയില്‍ കൊണ്ടുപോവുകയുമാണ് പതിവ്. വീണ്ടും ഈ സ്ഥലങ്ങളില്‍ മോഷണം നടത്തേണ്ടി വരുമ്പോള്‍ ഈ ബൈക്കുകളാണ് ഉപയോഗിക്കാറുള്ളത്.
കിട്ടുന്ന പണം മുന്തിയ ഇനം മദ്യവും ഭക്ഷണം കഴിക്കുന്നതിനും ആഡംബര ലോഡ്ജുകളില്‍ താമസിക്കുന്നതിനും ആണ് വിനിയോഗിച്ചിരുന്നത് എന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ സജിമോന്‍ ജോസഫ് എസ്.സി.പി.ഒമാരായ സിനോജ് പി. ജെ, ടോണി ജോണ്‍, സി.പി.ഒ അനീഷ് വി. കെ എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്