വഴിത്തിരിവായത് ഫർഹാനയുടെ ആ ഫോൺകോൾ, പിന്നാലെ കുടുങ്ങി; അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പ്

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിന്റെ
കൊലപാതകവുമായി ബന്ധപ്പെട്ട
അന്വേഷണത്തിൽ വഴിത്തിരിവായത്
ഫർഹാനയുടെ ഫോൺകോൾ. കൃത്യം
നടത്തിയ ശേഷം ചെന്നൈയിലേക്ക്
രക്ഷപ്പെടുമ്പോൾ പ്രതികളായ ഷിബിലിയും ഫർഹാനയും തങ്ങളുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫർഹാന മറ്റൊരാളുടെ മൊബൈൽഫോണിൽനിന്ന് ഒറ്റപ്പാലത്തെ അടുത്തബന്ധുവിനെ വിളിച്ചു. ഈ ഫോൺകോൾ പിന്തുടർന്ന് പോലീസ്
നടത്തിയ നീക്കത്തിലാണ് ഷിബിലിയും
ഫർഹാനയും പിടിയിലായത്.

അതേസമയം, സിദ്ദിഖിനെ കൊലപ്പെടുത്തി
മൃതദേഹം ഉപേക്ഷിച്ചശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫർഹാനയെ വീട്ടിൽകൊണ്ടുവിട്ട ശേഷം സിദ്ദിഖിന്റെ കാർ ഉപയോഗിച്ചിരുന്നത് ഷിബിലിയായിരുന്നു.
പിന്നീട് കാർ ചെറുതുരുത്തിയിൽ
ഉപേക്ഷിച്ചശേഷം 24-ന് പുലർച്ചെയാണ്
ഷിബിലി ഫർഹാനയെയും കൂട്ടി
ചെന്നൈയിലേക്ക് കടന്നത്.

സിദ്ദിഖ് കൊലക്കേസിൽ ചൊവ്വാഴ്ചയും പ്രതികളുമായി തെളിവെടുപ്പ് തുടരും. സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെത്തിച്ചാണ് ചൊവ്വാഴ്ച പ്രതികളുമായി തെളിവെടുപ്പ് നടത്തുക. സിദ്ദിഖിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ട്രോളി ബാഗുകൾ അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽനിന്നാണ് കൊക്കയിലേക്ക് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഖിന്റെ പദ്ധതിയനുസരിച്ചാണ് ട്രോളി ബാഗുകൾ ഇവിടെ ഉപേക്ഷിച്ചതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും പോലീസ് കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണ ചിരട്ടാമലയിൽനിന്നാണ് ചുറ്റിക ഇലക്ട്രിക് കട്ടർ, ബ്ലേഡ്, രക്തം തുടച്ചുവൃത്തിയാക്കിയ തുണി, മറ്റുവസ്ത്രങ്ങൾ, ചെരുപ്പ്,തലയണ ഉറ, കിടക്കവിരി, എ.ടി.എം. കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തത്.

error: Content is protected !!