നിലക്കാത്ത മണി നാദം ; കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

തൃശ്ശൂര്‍: കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. 2016 മാര്‍ച്ച് ആറിന് മണി വീണു പോയപ്പോള്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യരാണ്. ഇത്രത്തോളം ജന ഹൃദയങ്ങളി അദ്ദേഹം കുടിയേറിയിരുന്നു. നായകനായും പാട്ടുകാരനായും ചാലക്കുടിക്കാരുടെ സുഹൃത്തായും അദ്ദേഹം മുന്നില്‍ നിന്നു.

ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. മണി പോയി എന്നത് വിശ്വസിക്കാന്‍ ഇന്നും പലര്‍ക്കും സാധിച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തില്‍ തന്നെ അവര്‍ നിര്‍ത്തിയിരിക്കുന്നു. ചാലക്കുടി വഴി പോകുമ്പോഴെല്ലാം മണി കൂടാരം തേടി വരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു.

കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം സാധാരണക്കാരനെ പോലെയായിരുന്നു. 1971 ല്‍ രാമന്‍ – അമ്മിണി ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമനായാണ് മണിയുടെ ജനനം. ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. കലാഭവനില്‍ പയറ്റിത്തെളിഞ്ഞ മണിക്ക് സല്ലാപത്തിലെ ചെത്തുകാരന്‍ നാലാളറിയുന്ന വേഷമായി. വാസന്തിയും ലക്ഷ്മിയും സിംഹാസനമുറപ്പിച്ചു. ഇതര ഭാഷകളിലും മണി തന്റേതായ സ്ഥാനം ഉറപ്പിച്ചു. പ്രതിഭയുടെ ധാരാളിത്തവും നിയന്ത്രണം വിട്ട ജീവിതപ്പോക്കും മണിയെ വീഴ്ത്തി. മീഥേല്‍ ആല്‍ക്കഹോളിനെച്ചുറ്റിപ്പറ്റി അന്വേഷണമുണ്ടായെങ്കിലും കരള്‍ രോഗം മരണത്തിലേക്ക് നയിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

error: Content is protected !!