പെൺകുട്ടികളുടെ വിവാഹപ്രായം 21
ബില്ല് പിന്‍വലിക്കണം
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ല് പിന്‍വലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ‘ദ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമെന്റ്മെന്റ്) ബില്‍ – 2021 സംബന്ധിച്ച പൊതുജനങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് സ്ഥിരം സമിതി അഭിപ്രായം ആരാഞ്ഞിരിക്കെ ബില്ലിനെതിരെ പൊതുജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചക്കും കാരണമാകുന്നതിന് പുറമെ വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്യും. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ഓണ്‍ലൈന്‍ മുഖേന പ്രതികരണം രേഖപ്പെടുത്തണം. ഖത്തീബുമാര്‍ ഇതുസംബന്ധിച്ച് ഉദ്ബോധനം നടത്തണമെന്നും സംഘടന പ്രവര്‍ത്തകര്‍ പ്രത്യേകം ഹെല്‍പ് ഡെസ്കുകളും കൗണ്ടറുകളും സ്ഥാപിച്ച് ജനങ്ങള്‍ക്ക് പ്രതികരണം രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
മുസ്ലിം സംഘടനകളുടെ സ്ഥിരം കോ-ഓഡിനേഷന്‍ ആവശ്യമില്ലെന്നും അടിയന്തിര ഘട്ടങ്ങളില്‍ അതാത് സന്ദര്‍ഭങ്ങളില്‍ പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാമെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം ഏകോപന സമിതി അംഗങ്ങളെ അറിയിച്ചു.
പെണ്‍കുട്ടികളുടെ യൂണിഫോം സംബന്ധിച്ച് മതനിയമങ്ങള്‍ക്ക് എതിരാവുന്ന വിധമുള്ള അധികൃതരുടെ നിബന്ധനയില്‍ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. മത നിയമങ്ങള്‍ക്ക് നിരക്കാത്ത വസ്ത്ര ധാരണ അടിച്ചേല്‍പിക്കരുതെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച് കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, യു. മുഹമ്മദ് ശാഫി ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.