Monday, August 18

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്,

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ത്തി വെക്കുകയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കടകളില്‍ നിന്നും പരിശോധനക്കായി ഭക്ഷണ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ അടിയന്തര ആര്‍.ആര്‍.ടി. യോഗ തീരുമാന പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്.

പൊതുസ്ഥലങ്ങളിലും ഉത്സവ പ്രദേശങ്ങളില്‍ നിന്നും പാനീയങ്ങളും ജ്യൂസുകളും, ഐസ്, ഐസ്‌ക്രീം തുടങ്ങിയവ കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!