ജില്ലയിൽ ആദ്യമായി നടക്കുന്ന മത്സരം കാണാൻ ആയിരങ്ങൾ
പെരുവള്ളൂർ കാടപ്പടി ചാലിപ്പാടം സ്റ്റേഡിയത്തിലെ ട്രാക്കിൽ മികച്ച വേഗംതേടി കുതിരകളുടെ കുതിപ്പ്. ഇന്ത്യ ഹോഴ്സ് റൈസിങ് ചാമ്പ്യൻപ്പിലെ കുതിരയോട്ടമത്സരം ആയിരക്കണക്കിന് കാണികൾക്ക് ആവേശമായി. ജില്ലാ ഹോഴ്സ് റൈഡേഴ്സും കെ.സി.എം. കാടപ്പടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിനാണ് ശനിയാഴ്ച തുടക്കമായത്. രാത്രി പത്തുമണിവരെ നീണ്ട മത്സരത്തിൽ ആദ്യ റൗണ്ടിലെ ഭൂരിഭാഗവും പൂർത്തിയായി. നൂറോളം കുതിരകളാണ് മാറ്റുരയ്ക്കുന്നത്.
പോണി, തറോബ്രീഡ്, ഇന്ത്യൻ ബ്രീഡ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുപതോളം കുതിരകൾ മത്സരത്തിലുണ്ട്. പെരുവള്ളൂരിലെ അഞ്ച് ടീമുകളും മാറ്റുരയ്ക്കുന്നു. 200 കാണികൾക്ക് 600 മീറ്ററിലുള്ള ട്രാക്കിലെ ആവേശംകാണാൻ സംഘാടകർ സൗകര്യമൊരുക്കിയിട്ടുണ്ട്. അവസാന ദിവസമായ ഞായറാഴ്ച ഉച്ചയോടെ രണ്ടാംറൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. വൈകീട്ട് െഫെനൽ റൗണ്ട് മത്സരങ്ങളും നടക്കും. ഒന്നാംസ്ഥാനത്തെത്തുന്ന കുതിരയുടെ ടീമിന് ഒരു ലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് 50,000 രൂപയും മൂന്നാംസ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനം.
പി. അബ്ദുൽഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ ഹോഴ്‌സ് റൈഡേഴ്‌സ് സെക്രട്ടറി എ.വി. മുഹമ്മദ് നിഷാഹത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത, പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം, നെയ്യൻ ലുക്ക്മാനുൽ ഹക്കിം, ചൊക്ലി മുസ്തഫ എന്നിവർ പ്രസംഗിച്ചു.