പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഒരു മാസത്തിനകം തിരൂരങ്ങാടി പൊലീസ് ചാര്‍ജ് ചെയ്തത് 30 കേസ്

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഒരു മാസത്തിനകം തിരൂരങ്ങാടി പൊലീസ് ചാര്‍ജ് ചെയ്തത് 30 കേസ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനാണ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് തിരൂരങ്ങാടി എസ്.ഐ റഫീഖ് പറഞ്ഞു.

കുട്ടികള്‍ക്ക് വാഹനം നല്‍കരുതെന്ന് നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് അവഗണിച്ച് കുട്ടികള്‍ക്ക് വാഹനം നല്‍കിയവരാണ് കുടുങ്ങിയിരിക്കുന്നത്. കുട്ടികളെ പിടികൂടാതെ വാഹന നമ്പറിലൂടെ വാഹന ഉടമയെ കണ്ടെത്തുകയും അവരുടെ പേരില്‍ കേസെടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്.

ഐ.പി.സി, മോട്ടോര്‍ വാഹന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ക്കുന്നതിനാല്‍ 30,000 രൂപയാണ് കോടതിയില്‍ പിഴ അടക്കേണ്ടിവരുക. കൂടാതെ വാഹനം ഓടിച്ച കുട്ടികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി 25 ആക്കി ഉയര്‍ത്തുകയും പിടികൂടിയ വാഹനത്തിന്റെ ആര്‍.സി ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്യുന്നുണ്ട്.

error: Content is protected !!