തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ

ഡിവൈഫ്ഐ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് നഗരസഭയുമായി വിവാദമുണ്ടായിരുന്നു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്താൻ സാധിക്കാത്തതിനാൽ നിർത്തുകയാണെന്ന് കരാറുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് 80,000 രൂപ മാസ വാടകയ്ക്ക് പറമ്പിൽ പീടിക സ്വദേശി വാടകയ്ക്ക് എടു ത്തിരുന്നത്.

ഇതിനിടെ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചു.

രോഗികൾക്കും കൂട്ടിരിപ്പു ഭക്ഷണം നൽകുന്നത് എച്ച്എംസി യുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെയായതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങി.

എച്ച്എംസിയുമായുണ്ടാക്കിയ കരാറിന് വിരുദ്ധമായാണ് സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ നഗരസഭയ്ക്ക് കത്തു നൽകി യിരുന്നു. എന്നാൽ രാഷ്ട്രീയ തർക്കമാകുമെന്നതിനാൽ നഗരസഭ തടഞ്ഞില്ല, ആശുപത്രിയുടെ ഉള്ളിൽ വിതരണം ചെയ്യാൻ അനുമതി നല്കിയതുമില്ല.

ഭക്ഷണം സംഘടനകൾ നൽകുന്നതിനാൽ ആകെ ചായയും വെള്ളപ്പവും മാത്രം കച്ചവടം ചെയ്താൽ ഭീമമായ വാടകയും ജോലിക്കാരുടെ ശമ്പളവും നൽകാൻ സാധിക്കില്ലെന്നും അതിനാൽ കാന്റീൻ നിർത്തുകയാണെന്നും കരാറുകാരൻ പറഞ്ഞു.

കാന്റീൻ അടച്ചതോടെ രോഗികൾ ദുരിതത്തിലായി. രാത്രി ഭക്ഷണം, ചൂടുവെള്ളം എന്നിവയ്ക്ക് ടൗണിൽ പോകേണ്ട അവസ്ഥയാണ്. രാവിലെ ഒ പി യിൽ വരുന്നവരും വെള്ളവും ചായയും കുടിക്കാൻ പുറത്തു പോകേണ്ട അവസ്ഥയാണ്.

error: Content is protected !!