ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി. സിഐ ജ്യോതീന്ദ്രകുമാറിന് പുറമേ എസ്ഐ ടി.പി.മുഹമ്മദ് ഹനീഫ, എസ്‍സിപിഒമാരായ ശിഹാബ്, ധനേഷ്, ഇന്റേണൽ വിജിലൻസ് ഓഫിസർ ഉമേഷ് ബാബു കോട്ടായി, ജിയോളജിസ്റ്റ് ആർ.സുനിൽകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!