
പിടിയിലായവരിൽ വള്ളിക്കുന്ന് സ്വദേശിയും
കോഴിക്കോട്: ഡ്യൂക്ക് ബൈക്കിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ നിരോധിത മയക്ക് മരുന്ന് എം ഡി എം എ ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 യുവാക്കൾ പിടിയിൽ.
എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു കോഴിക്കോട് ചേവായൂരിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. ഇവരിൽ നിന്ന് 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കും.
ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.
കോഴിക്കോട് താലൂക്കിൽ ചേവായൂർ പച്ചാക്കിലിൽ KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായി
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (വയസ്സ്: 22), കോഴിക്കോട് താലൂക്കിൽ ചേവായൂർ വില്ലേജിൽ മലാപ്പറമ്പ് ദേശത്ത് മുതുവാട്ട് വീട്ടിൽ വിഷ്ണു (വയസ്സ്-22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന്
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു പറഞ്ഞു. ബാംഗ്ലൂരിൽ നിന്നാണ് ഇവർ ലഹരിമരുന്നുകൾ ശേഖരിക്കുന്നത് എന്നാണ് ഇവർ മൊഴിനൽകിയത്.
മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റിവ്
ഓഫീസർ കെ പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ നിതിൻ ചോമാരി, അഖിൽ ദാസ്, കോഴിക്കോട് സർക്കിൾ ഓഫീസിലെ
പ്രിവെൻറ്റീവ് ഓഫീസർ ഇ പി വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ് കുമാർ ഡി.എസ്, മുഹമ്മദ് അബ്ദുൾ റൗഫ്, സതീഷ് പീ കെ, രജിൻ എം ഒ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാജയിലിൽ റിമാൻഡ് ചെയ്തു.