
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലെ 2 പ്രോഗ്രാമുകളിലേക്ക് 19വരെ അപേക്ഷിക്കാം. വെബ്: https://lncpe.ac.in/admission. കേരള സർവകലാശാലയാണ് ബിരുദം നൽകുന്നത്.
(എ) 4 വർഷ ബിപിഎഡ് -ഇന്നവേറ്റീവ് (ബാച്ലർ ഓഫ് ഫിസിക്കൽ എജ്യുകേഷൻ): 70 സീറ്റ് (ആൺ:42, പെൺ: 28). 45% മാർക്കോടെ പ്ലസ്ടു/ തുല്യയോഗ്യത വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മാർക്കിളവുണ്ട്. അപേക്ഷാഫീ 1000 രൂപ. 2025 ജൂൺ 1ന് 23 വയസ്സ് തികയരുത്; പട്ടിക വിഭാഗക്കാർക്ക് 25 വരെയാകാം. പഠനശേഷം ഹൈസ്കൂൾ കായിക അദ്ധ്യാപകർ, ഹെൽത്ത് / സ്പോർട്സ് ക്ലബ്ബ് പരിശീലകർ തുടങ്ങിയ രീതികളിൽ പ്രവർത്തിക്കാം. ജൂലൈ 3-5 തിയ്യതികളിൽ എഴുത്തുപരീക്ഷ (50 മാർക്ക് ), 6 ഇന ഫിറ്റ്നസ് ടെസ്റ്റ് (30), ഏതെങ്കിലുമൊരു കായിക ഇനത്തിലെ പ്രാവീണ്യ ടെസ്റ്റ് (10) എന്നിവ നടത്തും. ഇംഗ്ലീഷ്, പൊതുവിജ്ഞാനം കായിക അഭിരുചി എന്നീ വിഷയങ്ങളിലെ ഒരു മണിക്കൂർ പരീക്ഷയിൽ 20 മാർക്ക് നേടുന്നവർക്കാണ് മറ്റു ടെസ്റ്റുകൾ. സ്പോർട്സ് നേട്ടങ്ങൾക്കും 10 മാർക്ക്. വൈദ്യ പരിശോധനയുമുണ്ട്. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യവർഷം 53,835 രൂപയടയ്ക്കണം; ഇതിൽ 33,835 രൂപ പ്രവേശന സമയത്ത്.
(ബി) 2 വർഷ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുകേഷൻ & സ്പോർട്സ് (എംപിഇഎസ്): കോളജ് അദ്ധ്യാപക നിയമനത്തിനു സഹായിക്കും. 25 സീറ്റ്. 50% മാർക്കോടെ ബിപിഇഎസ് / ബിപിഇ / ബിപിഎഡ് / ബിഎസ്സി (പിഇ) വേണം. പട്ടികവിഭാഗക്കാർക്കു മാർക്കിളവുണ്ട്. ഉന്നത തല സ്പോർട്സ് നേട്ടമുള്ളവർക്ക് 5% വരെ മാർക്കിളവ്. 2025 ജൂലൈ 1ന് 28 തികയരുത്. പട്ടികവിഭാഗക്കാർക്ക് ഇളവ്. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യ വർഷം 50,905 രൂപ അടക്കണം; ഇതിൽ 30,905 രൂപ പ്രവേശന സമയത്ത്. ഫിറ്റ്നസ് ടെസ്റ്റ് ജൂൺ 30ന്. ജൂലൈ 1 തീയതികളിൽ.
(സി) കേരള സർവകലാശാലയുടെ പിഎച്ഡി (ഫിസിക്കൽ എജ്യുകേഷൻ) പ്രോഗ്രാമിനും സൗകര്യമുണ്ട്. www.keralauniversity.ac.in