കരുവാരകുണ്ട് : അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ഹാർഷ(24)യാണു മഞ്ഞളാംചോലയിൽ ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. പിതൃസഹോദരിയുടെ കരുവാരകുണ്ടിലെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഹാർഷയും കുടുംബവും. പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ ചോലയുടെ സൗന്ദര്യം ആസ്വദിക്കാൻ ബന്ധുക്കളോടൊപ്പം ചോലയിൽ ഇറങ്ങിയ ആലപ്പുഴ സ്വദേശി ഹാർഷയ്ക്കാണ് പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടത്. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. നിമിഷനേരം കൊണ്ട് ഹാർഷയെ ഒഴുക്കിൽപെട്ട് കാണാതായി. സുജിത്ത് താഴെ കമ്പിൽ പിടിച്ചു രക്ഷപ്പെട്ടു. ഹാർഷയുടെ അമ്മയും അച്ഛനും നോക്കിനിൽക്കെയാണ് അപകടം.
ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയും ഉണ്ടായിരുന്നില്ല. ഹാർഷയുടെ പിതൃസഹോദരിയുടെ ഭർത്താവ് അരവിന്ദാക്ഷൻ, അരവിന്ദാക്ഷന്റെ മകൻ രഞ്ജിത്ത്, മരുമകൻ സുജിത്ത്, ഭാര്യ രമ്യ, മക്കളായ ദിൽഷ (13), ശ്രേയ (എട്ട്) എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു.
അപകടസ്ഥലത്തിന് 2 കിലോമീറ്റർ അകലെ കണ്ടെത്തിയ ഹാർഷയെ കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. സഹോദരി: ആഗ്ര.
നാട്ടിൽ മഴയില്ലെങ്കിലും മലവാരത്തുണ്ടാകുന്ന മഴയിൽ ചോല നിറഞ്ഞ് അപകടം വരുത്തുന്നത് പതിവാണ്. തെളിഞ്ഞ കാലാവസ്ഥയിൽ ചോലയിൽ കുളിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്നവരാണ് അപകടത്തിൽപെടുന്നത്. ഇന്നലെ വൈകിട്ട് മഞ്ഞളാംചോലയിൽ മാത്രമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മണലിയാംപാടത്തുനിന്ന് ഉദ്ഭവിക്കുന്ന ചോലയിൽ മലവെള്ളമെത്തിയില്ല. 2 ചോലകളും കൽക്കുണ്ടിൽ ഒന്നിച്ചാണ് ഒലിപ്പുഴയായി മാറുന്നത്.