വർണ്ണക്കൂടാരം: കൗതുകമായി തിരൂർ ഗവ. യു.പി സ്‌കൂളിലെ ‘ചക്ക എയർ’

തിരൂർ ചക്ക സ്‌കൂളിലെ കുട്ടികൾക്ക് ഇനി എന്നും വിമാനം കയറാം. തിരൂർ ഗവ. യു.പി സ്‌കൂളിൽ വർണ്ണക്കൂടാരം പദ്ധതിയിലൂടെ നവീകരിച്ച പ്രീ പ്രൈമറി വിഭാഗത്തിലേക്കുള്ള പ്രവേശന കവാടമാണ് വ്യത്യസ്തത കാരണം ശ്രദ്ധേയമാകുന്നത്. സ്റ്റാർസ് പദ്ധതിയിലൂടെ ഉൾപ്പടെ എസ്.എസ്.കെ വഴി ലഭിച്ച 11 ലക്ഷം രൂപയും രക്ഷിതാക്കളും നാട്ടുകാരും വ്യാപാരികളും നൽകിയ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകർഷകവുമാക്കുന്ന വർണ്ണടക്കൂടാരം പദ്ധതി പ്രകാരം സ്‌കൂളിൽ ‘ചക്ക എയർ’ എന്ന പേരിലാണ് ഭിന്നശേഷി സൗഹൃദ റാംപ് വിമാനമൊരുക്കിയിട്ടുള്ളത്. കുട്ടികളെ ആകർഷിക്കും വിധം സ്‌കൂളിലേക്കുള്ള പ്രവേശന കവാടമായാണ് വിമാനം ഉപയോഗിക്കുന്നത്. വിമാനവഴിയിലൂടെ കടന്നെത്തുന്ന വിശാലമായ ക്ലാസ് മുറിയിൽ മേശയും കസേരയും മുതൽ എല്ലാം സ്മാർട്ട് ആണെന്നതാണ് മറ്റൊരു പ്രത്യേകത. വാർത്താ അവതരണം, നാടകം എന്നിവ പരിപോഷിപ്പിക്കുന്നതിനായി പാവ നാടക അരങ്ങ്, സ്ഥല പരിമിതികളെ മറികടക്കുന്നതിനായി ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സാധിക്കുന്ന വിധത്തിലുള്ള സ്മാർട്ട് കർട്ടൺ എന്നിവയാണ് മറ്റ് സവിശേഷതകൾ. കൂടാതെ ഇൻഡോർ ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്കൂളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം എൽ എ അധ്യക്ഷനായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ദീൻ, നഗരസഭാ അധ്യക്ഷ എ പി നസീമ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പി രമേഷ് കുമാർ, പി. രാമൻ കുട്ടി, അഡ്വ എസ് ഗിരീഷ്, സി. സുബൈദ, കെ. കെ സലാം, പി. സുനിജ, സലീം മേച്ചേരി, കെ. പി മിനി, പി. പി ലക്ഷ്മണൻ, വി. നന്ദൻ, നിർമ്മല കുട്ടിക്കൃഷ്ണൻ, ടി. വി ബാബു എന്നിവർ സംസാരിച്ചു. വി ലതീഷ് സ്വാഗതവും സി. ബി ജോർജ് നന്ദിയും പറഞ്ഞു.

error: Content is protected !!