വാഹനാപകടങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ‘വട്ടപ്പാറ വളവ്’ ഒഴിവാകും; നിർമിക്കുന്നത് ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്

വളാഞ്ചേരി : കുറ്റിപ്പുറം ∙ ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക.

ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക.

വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ആറുവരിപ്പാത കടന്നുപോവുക. ഈ ഭാഗത്തെ നിലമൊരുക്കൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലങ്ങൾക്കുള്ള മണ്ണുപരിശോധന ഉടൻ പൂർത്തിയാകും. വട്ടപ്പാറ വളവിനു മുകളിൽനിന്ന് ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് അപകടങ്ങൾക്കു വഴിയൊരുക്കിയ വട്ടപ്പാറ വളവ് ദേശീയപാത ഭൂപടത്തിൽനിന്ന് ഒഴിവാകും. പുതിയ ഫ്ലൈഓവർ വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ജനുവരിയോടെ പാലത്തിന്റെ ജോലികൾ ആരംഭിക്കും.

error: Content is protected !!