
വാഴക്കാട് : വീടിന് മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ.
സ്വകാര്യ വാഹന ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയും വാഴക്കാട് പുതാടമ്മൽ ആലിയുടെ മകളുമായ നജ്മുന്നീസയെ (32) വീടിന്റെ ടെറസിനു മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് വീടിന്റെ ടെറസിൽ ഭാര്യ നജ്മുന്നീസ മരിച്ചുകിടക്കുന്നതായി ഭർത്താവ് മുഹിയുദ്ദീൻ അയൽവാസികളെയും നാട്ടുകാരെയും അറിയിച്ചത്. ടെറസിൽ വച്ച് അർധരാത്രിയോടെ നജ്മുന്നീസയും മുഹിയുദ്ദീനുമായി വാക്കുതർക്കമുണ്ടായതായി പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്ന നജ്മുന്നീസ ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് വീടിന്റെ പിറകിൽ കോണി വച്ച് ടെറസിൽ കയറിയതെന്നാണു കരുതുന്നത്. അപ്രതീക്ഷിതമായി രാത്രിയിൽ വീടിനു മുകളിൽ ഭാര്യയെ കണ്ട മുഹിയുദ്ദീൻ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കുതർക്കവും മൽപിടുത്തവും ഉണ്ടാവുകയും ചെയ്തതായാണു കരുതുന്നത്.
ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. നോമ്പായതിനാൽ പുലർച്ചെ എണീറ്റപ്പോൾ, വീട്ടിലില്ലാത്ത ഭാര്യയുടെ മൊബൈൽ ഫോൺ ടെറസിനു മുകളിൽനിന്നു റിങ് ചെയ്യുന്നതു കേട്ട് കയറിനോക്കിയപ്പോഴാണ് ഭാര്യ മരിച്ചുകിടക്കുന്നത് കണ്ടെതെന്നാണ് മുഹിയുദ്ദീൻ ആദ്യം പറഞ്ഞിരുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മുഹിയുദ്ദീനെയും അയൽവാസികളായ 2 സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി ഞായറാഴ്ച പുലർച്ചെതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്പി എസ്.സുജിത് ദാസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡ്ഡി, എസ്ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.