വിഡി സതീശനും എംവി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: കെ.സുരേന്ദ്രന്‍

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷന്‍മാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതില്‍ വിഡി സതീശനും എംവി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നുണ പ്രചാരണം പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായിക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍. ഇത് ന്യൂനപക്ഷവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനുള്ള മുഖംമൂടി മാത്രമാണ് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് ന്യൂനപക്ഷ സ്‌നേഹം. ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ജോസഫ് മാഷുടെ കൈ ഭീകരവാദികള്‍ വെട്ടി മാറ്റിയത്. അന്ന് വേട്ടക്കാര്‍ക്കൊപ്പമായിരുന്നു സിപിഎം സര്‍ക്കാര്‍ നിന്നത്. വിദ്യാഭ്യാസമന്ത്രി എംഎ ബേബി പ്രവാചകനെ നിന്ദിച്ച ജോസഫ് മാഷെ കയ്യാമം വെപ്പിച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ജോസഫ് മാഷ് ഒളിവില്‍ പോയപ്പോള്‍ മകനെയും ബന്ധുവിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചു. കീഴടങ്ങിയ ജോസഫ് മാഷിനെ വിലങ്ങണിയിച്ച് മതമൗലികവാദികളുടെ കയ്യടി വാങ്ങിച്ചത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു. സിപിഎമ്മും സര്‍ക്കാരുമാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ക്ക് ജോസഫ് മാഷിന്റെ കൈവെട്ടാനുള്ള അന്തരീക്ഷം ഒരുക്കി കൊടുത്തതെന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് നന്നായി അറിയാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ബിഷപ്പ്ഹൗസിലേക്ക് മതഭീകരവാദികള്‍ മാര്‍ച്ച് നടത്തിയപ്പോള്‍ എംവി ഗോവിന്ദനും വിഡി സതീശനും എവിടെയായിരുന്നു. അന്ന് ബിഷപ്പിനൊപ്പം നില്‍ക്കാന്‍ ബിജെപി മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. 2014ല്‍ ഇടുക്കിയില്‍ തോറ്റതിന് ബിഷപ്പ് ഹൗസ് ആക്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഎമ്മുകാര്‍ നിരവധി കരോള്‍ സംഘത്തെയാണ് കേരളത്തില്‍ ആക്രമിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ ക്രൈസ്തവ സമുദായത്തിന് അര്‍ഹമായ ആനുകൂല്ല്യങ്ങള്‍ നിഷേധിക്കുന്നതിനെ പറ്റി കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഭിപ്രായമെന്താണ്? ക്രൈസ്തവര്‍ക്ക് അര്‍ഹമായ ആനുകൂല്ല്യങ്ങള്‍ ലഭിക്കരുതെന്ന നിലപാടാണ് ഇരു പാര്‍ട്ടികള്‍ക്കുമുള്ളത്. ലൗജിഹാദിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് ക്രൈസ്ത പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്തത്. മന്ത്രി മുഹമ്മദ് റിയാസ് പോപ്പുലര്‍ ഫ്രണ്ടുകാരന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!